Spread the love

കോട്ടയം : സഹകരണ മേഖലയിലെ കൊള്ള കുഭകോണത്തിന്റെ തുടക്കമായ ഇളംങ്ങുളം ബാങ്ക് സെക്രട്ടറിയെ 27 വർഷങ്ങളോളം പിടികൂടാതെ സംരക്ഷണം നൽകിയത് എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ സഹകരണാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിൻ ലാൽ കുറ്റപ്പെടുത്തി.

സിപിഎം നിയന്ത്രണത്തിൽ സംസ്ഥാനത്തെ തന്നെ ഉന്നത സിപിഎം നേതാക്കൾ ഉൾപ്പെട്ട ഭരണസമിതി 1993 ൽ നടത്തിയ 12 കോടിയുടെ വായ്പ ക്രമക്കേടാണ് ഇരു മുന്നണികളും ചേർന്ന് കുഴിച്ചുമൂടിയത്.

കേരളം ഞെട്ടിയ അക്കാലത്തെ ഏറ്റവും വലിയ ക്രമക്കേട് മൂടിവയ്ക്കാനും വിജിലൻസ് അന്വേഷണത്തെ അട്ടിമറിക്കാനും യുഡിഎഫ് സർക്കാർ കൂട്ടുനിൽക്കുകയായിരുന്നു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഒരു മാസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചുവെങ്കിലും ഒന്നും നടന്നില്ല.

15 വർഷമായി അധികാരത്തിലിരുന്ന ഭരണസമിതി വിവിധ തലങ്ങളിലായി 30 കോടിയുടെ ക്രമക്കേടാണ് നടത്തിയത്. സിപിഎം നേതാക്കൾ ജയിൽ ആകുമെന്ന് അറിഞ്ഞതോടെ ആദ്യം ഇടതു സർക്കാരും പിന്നീട് യുഡിഎഫ് സർക്കാരും അന്വേഷണം പാലം വലിക്കുകയായിരുന്നു.

ക്രമക്കേടിനിരയായവർക്ക് പണം തിരിച്ചു നൽകാനായി കോട്ടയം ജില്ലാ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്തു. ആ വായ്പയും ഇളങ്ങുളം ബാങ്കിനു ബാധ്യതയായി.

അന്നത്തെ ബാങ്ക് സെക്രട്ടറി ഗോപിനാഥൻ നായർക്ക് ഗൾഫിലേക്ക് കടക്കാൻ ഒത്താശ ചെയ്തതും ഇരു മുന്നണികളും ആണ്. കോവിഡ് കാലത്ത് നാട്ടിൽ തിരിച്ചെത്തിയ സെക്രട്ടറി വീണ്ടും വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് നെടുമ്പാശ്ശേരിയിൽ പിടിയിലായത്.

ഈടില്ലാതെ വായ്പ, ഒരേ ആധാരത്തില്‍ പല ലോണുകള്‍, ചെക്ക് ഡിസ്‌കൗണ്ടിങ്ങ്, ഹുണ്ടിക ഇടപാടുകള്‍, ബില്‍ ഡിസ്‌കൗണ്ടിങ്ങ്, കാഷ് ക്രെഡിറ്റ്, സ്ഥിര നിക്ഷേപങ്ങളിലെ ക്രമക്കേടുകള്‍, വാഹന വായ്പകള്‍ എന്നിങ്ങനെ പല രൂപത്തിലായിരുന്നു തട്ടിപ്പ്. ജില്ലാ വിനോദ സഞ്ചാര വികസന സൊസൈറ്റിയ്ക്കു പണം കൈമാറിയതിലൂടെയും കോടികളുടെ തട്ടിപ്പ് അരങ്ങേറി.

അയ്യപ്പ ഭക്തര്‍ക്കായി പമ്പയില്‍ ഹോട്ടല്‍ നടത്തിയും പണം വെട്ടിച്ചതായി പരാതി ഉയര്‍ന്നിരുന്നു.