Spread the love

കടുത്തുരുത്തി : നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരിക്കും ലഹരി ഉപയോഗത്തെ തുടര്‍ന്നുള്ള അതിക്രമങ്ങള്‍ക്കുമെതിരെ അന്താരാഷ്ട്ര മെഡല്‍ ജേതാക്കളായ ഇന്ത്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റുകളുടെ നേതൃത്വത്തില്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നു.

കല്ലറയില്‍ നിന്നും കടുത്തുരുത്തിയിലേക്ക് നടത്തുന്ന ലഹരിവിരുദ്ധ മാരത്തോണ്‍ കടുത്തുരുത്തി ജനമൈത്രി പോലീസ്, കല്ലറ, മാഞ്ഞൂര്‍, കടത്തുരുത്തി പഞ്ചായത്തുകള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യക്കായി വിവിധ രാജ്യങ്ങളില്‍ നടന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ മെഡലുകള്‍ നേടിയ 20 ഓളം ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റുകള്‍ മാരത്തോണില്‍ പങ്കെടുക്കുമെന്ന് ശ്രീലങ്കയിലും മലേഷ്യയിലും നടന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യക്കായി ജാവലിന്‍ ത്രോയില്‍ വെങ്കല മെഡല്‍ നേടിയ കല്ലറ സ്വദേശിയും ലഹരിവിരുദ്ധ പ്രവര്‍ത്തകനുമായ വിനീത് പടന്നമാക്കല്‍ കടുത്തുരുത്തിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഡ്രഗ് അരുത് എന്ന സന്ദേശവുമായിട്ടാണ് പരിപാടി നടത്തുക. ഏപ്രില്‍ അഞ്ചിന് രാവിലെ എട്ടിന് കല്ലറയില്‍ നിന്ന് ആരംഭിച്ചു കല്ലറ എസ്ബിടി ജംഗ്ഷന്‍, പുത്തന്‍പള്ളി, മാന്‍വെട്ടം, കുറുപ്പന്തറ മാര്‍ക്കറ്റ്, കുറുപ്പന്തറ കവല, മുട്ടുചിറ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു പത്തിന് കടത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിക്കും.

വിവിധ കേന്ദ്രങ്ങളില്‍ നല്‍കുന്ന സ്വീകരണയോഗങ്ങളില്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉൾപ്പെടെയുള്ള ജനപ്രതിനിധികള്‍ പ്രസംഗിക്കും. ഫ്‌ളാഷ് മോബും സൈക്ലിങ് താരങ്ങളുടെ പങ്കാളിത്തവും ലഹരി വിരുദ്ധ മാരത്തോണില്‍ ഉണ്ടാവും.

പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അവസരമുണ്ടായിരിക്കുമെന്നും വിനീത് പടന്നമാക്കില്‍ അറിയിച്ചു.