കോട്ടയം : ആലപ്പുഴ മുഹമ്മയിൽ രാജി ജൂവലറി ഉടമയും, സ്വർണ്ണപ്പണിക്കാരനുമായിരുന്ന രാധാകൃഷ്ണനാചാരിയെ മോഷ്ടിച്ച സ്വർണ്ണം വാങ്ങിയെന്നാരോപിച്ച് കടുത്തുരുത്തി പോലീസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ഫെബ്രുവരി ആറിന് ചോദ്യം ചെയ്യാനായി കടയിൽ നിന്നും കൂട്ടിക്കൊണ്ടുപോകുകയും കസ്റ്റഡിൽ വച്ച് അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നതായി മകൻ രതീഷ് ആരോപിച്ചു.
പിറ്റേ ദിവസം പോലീസിൻ്റെ സ്വകാര്യ വാഹനത്തിൽ തെളിവെടുപ്പിനെന്നപേരിൽ കടയിൽ എത്തിക്കുകയും മകന്റെയും മറ്റുള്ളവരുടെയും മുന്നിൽ വച്ച് വീണ്ടും മർദ്ദിക്കുകയും, ചവിട്ടി താഴെ ഇടുകയും, കാല് പിടിച്ച് തിരിക്കുകയും, അവർ കൊണ്ടുവന്ന ഏതോ ദ്രാവകം മുഖത്തും വായിലുമായി ഒഴിക്കുകയും ചെയ്തു.
ഉടൻ തന്നെ ബോധരഹിതനായ രാധാകൃഷ്ണനെ മകനും മറ്റുള്ളവരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയും മരണം സ്ഥിരീകരിക്കുകയുമാണ് ഉണ്ടായത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം രണ്ട് വാരിയെല്ലുകൾ ഒടിയുകയും ഇടതുകാൽ ചവിട്ടി തിരിക്കുകയും, ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏല്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മരണകാരണം വിഷം ഉള്ളിൽ ചെന്നാണെന്ന് സൂചിപ്പിക്കുന്നു.
ഫെബ്രുവരി ആറിന് കടയിൽ നിന്നും കൂട്ടിക്കൊണ്ടു പോവുകയും മരണം സംഭവിക്കുന്നതുവരെ പോലീസ് കസ്റ്റഡിയിലും ആയിരുന്ന രാധാകൃഷ്ണൻ എങ്ങനെ എവിടെ വച്ച് വിഷം കഴിച്ചു.
ഇതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളും, സംശയങ്ങളും നിലനില്ക്കുന്നു.
രാധാകൃഷ്ണൻ്റെ മകൻ രതീഷും വിവിധ വിശ്വകർമ്മ സംഘടനകളും, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും നിവേദനം നല്കിയിട്ടുണ്ട്. എന്നാൽ കുറ്റക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പോലീസിനെതിരെ പോലീസ് തന്നെ നടത്തുന്ന ചട്ടപ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നത്. ഇതിലൂടെ ഈ സംഭവത്തിൻ്റെ ചുരുളഴിയുമെന്നോ, ദുരൂഹത നീങ്ങുമെന്നോ, രാധാകൃഷ്ണന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്നോ കരുതുന്നില്ല.
ഈ സാഹചര്യത്തിൽ 2025 ഫെബ്രുവരി 6, 7 തീയതികളിൽ കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പോലീസുകാരെ സർവ്വീസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്ത് കൊണ്ടുവരുന്നതിന് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിൻ്റെ നേത്യത്വത്തിൽ കോട്ടയം എസ്പി ഓഫീസിലേക്ക് 28 ന് മാർച്ച് നടത്തുകയാണ്.
മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതും, കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫ്, ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അഭിസംബോധന ചെയ്യുന്നതുമാണ്.
28-ന് രാവിലെ 10.30 ന് ഗാന്ധി സ്ക്വയറിൽ നിന്നും മാർച്ച് ആരംഭിക്കുന്നതാണ്.