ഇടുക്കി : തൊഴുപുഴയില്‍ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയ നിലയിൽ
തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിൻ്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ബിജുവിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം പുരോഗമിക്കവെയാണ് കലയന്താനിയിലേക്കുള്ള ഗോഡൗണിലേക്ക് പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത്. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിലെ മാൻഹോളില്‍ ഒളിപ്പിക്കുകയായിരുന്നു. ഭിത്തിയടക്കം തുരന്ന് മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി.
സംഭവത്തില്‍ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളവരില്‍ ക്വട്ടേഷൻ സംഘാംഗങ്ങളും ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. തുടർന്ന് ഇന്നലെ ബന്ധുക്കൾ കാണ്മാനില്ലെന്ന പരാതി പൊലീസിൽ നൽകി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേർ കസ്റ്റഡിയിലായി. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലയന്താനിയിലെ ഗോഡൌണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു.
അതേസമയം ബിജു ജോസഫ് വ്യാഴാഴ്ച രാവിലെതന്നെ കൊല്ലപ്പെട്ടിരുന്നതായി ഇടുക്കി എസ്പി ടി.കെ.വിഷ്ണുപ്രദീപ് പറഞ്ഞു. ‘വ്യാഴാഴ്ച രാവിലെ കാറിലാണു ബിജുവിനെ പ്രതികൾ തട്ടിക്കൊണ്ടു പോയത്. ബിജുവിനെ കാറിൽ വച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. പത്തു മണിയോടെ മൃതദേഹം ഗോഡൗണിൽ എത്തിച്ചു. ഒന്നാം പ്രതി ജോമോനാണു ക്വട്ടേഷൻ കൊടുത്തത്. കേസിൽ ആകെ നാല് പ്രതികളാണുള്ളത്. ജോമോൻ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിലായി. ഒരാൾ കാപ്പ നിയമപ്രകാരം ജയിലിലാണ്.’’– എസ്‌പി വിശദീകരിച്ചു.