Spread the love

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായിരുന്ന മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍. പ്രതികള്‍ക്കുള്ള ശിക്ഷ തലശേരി ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധിക്കും. കേസിലെ പത്താം പ്രതിയെ കോടതി വെറുതെ വിട്ടു.

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ 2005 ഓഗസ്റ്റ് ഏഴിന് രാവിലെ സൂരജിനെ കൊലപ്പെടുത്തി എന്നതാണ് കേസ്. രാഷ്ട്രീയ വിരോധത്തോടെ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ മനോരജ് നാരായണന്‍ , ടി പി കേസ് പ്രതി ടി കെ രജീഷ് എന്നിവരടക്കമുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. എന്‍ വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

കൊലപ്പെടുത്തുന്നതിന് ആറ് മാസം മുന്‍പും സൂരജിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ 32 വയസായിരുന്നു സൂരജിന്റെ പ്രായം.

തുടക്കത്തില്‍ പത്ത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസില്‍ പിടിയിലായ ടി കെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേര്‍ക്കുകയായിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണന്‍. കേസിലെ ഒന്നാം പ്രതിയായിരുന്ന പി കെ ഷംസുദ്ദീനും പന്ത്രണ്ടാം പ്രതി ടി പി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്തായി.

ഒന്നാം പ്രതിയാണ് ടി കെ രജീഷ്. വിധി കേള്‍ക്കാന്‍ വന്‍ ജനക്കൂട്ടം കോടതി വളപ്പിലെത്തിയിരുന്നു.