Spread the love

കൊല്ലം: താന്നിയില്‍ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയ കുടുംബത്തിന് സാമ്പത്തിക ബാധ്യതയെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍. മരിച്ച അജീഷിന് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. അതിന്റെ സമ്മര്‍ദ്ദം കുടുംബത്തിനുണ്ടായിരുന്നുവെന്നും കമ്മീഷണര്‍ കിരണ്‍ നാരായണന്‍ പ്രതികരിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കമ്മീഷണര്‍.financial crisis for the family

മയ്യനാട് താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാസ്‌കരവിലാസം വീട്ടിൽ അജീഷ് (38), സുമ (36) ആദി (2) എന്നിവരാണ് മരിച്ചത്. മാതാപിതാക്കൾ കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നി​ഗമനം. അജീഷിനെയും സുലുവിനെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുട്ടിയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടത്.

വീട്ടിൽ ഇവരെ കൂടാതെ അജീഷിന്റെ അമ്മ ലൈലാകുമാരിയും അച്ഛൻ അനിൽകുമാറുമാണ് താമസം. രാവിലെ 10:30 മണിയായിട്ടും കതക് തുറക്കാത്തതിനാൽ അമ്മ ലൈലാകുമാരി സുലുവിന്റെ അച്ഛനമ്മമാരെ വിളിച്ചുവരുത്തുകയും അവർ ബലമായി കതക് തള്ളി തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്.

അജീഷിന് രക്താർബുദം സ്ഥരീകരിച്ചത് രണ്ടാഴ്ച മുമ്പാണ്. തുടർന്ന് ദമ്പതികൾ മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് പരിചയക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രവാസിയായിരുന്നു അജീഷ്. ആറുമാസം മുൻപാണ് നാട്ടിലെത്തിയത്. തുടർന്ന് കൊല്ലത്ത് ഒരു വക്കീൽ ഓഫീസിൽ ജോലി ചെയ്തു വരികയായിരുന്നു. വീട് വച്ചതിനെ തുടർന്ന് സാമ്പത്തികബാധ്യതകളുണ്ടാകുകയും പുതിയ വീട് വിൽക്കേണ്ടതായി വരികയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)