എന്‍.എം
ഒരു കാലത്ത് തെന്നിന്ത്യയിലെ മുന്‍ നിര സൂപ്പര്‍ നടിമാരില്‍ ഒരാളായിരുന്നു സൗന്ദര്യ. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. തന്റെ 12 വര്‍ഷത്തെ അഭിനയ കാലഘട്ടത്തില്‍ തന്റേതായൊരു ഇരിപ്പിടം തെന്നിന്ത്യന്‍ സിനിമാലോകത്ത് ഉണ്ടാക്കിയെടുക്കാനും താരത്തിനു കഴിഞ്ഞു.
മലയാളികള്‍ക്കും ഏറെ പരിചിതയാണ് സൗന്ദര്യ. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ജയറാം ചിത്രം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പ്രിയദര്ശന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം കിളിച്ചുണ്ടന്‍ മാമ്പഴം എന്നീ ചിത്രങ്ങളിലെ നായികാ വേഷത്തിലൂടെയാണ് മലയാളികളുടെ മനസില്‍ സൗന്ദര്യ ഇടം നേടിയത്.
സിനിമാ ലോകത്ത് കത്തിനില്‍ക്കുന്ന സമയത്തായിരുന്നു സൗന്ദര്യയുടെ അപ്രതീക്ഷിത വേര്‍പാട്. 2004 ഏപ്രില്‍ 17ന് ബംഗളൂരുവിലുണ്ടായ വിമാന അപകടത്തിലാണ്
താരം ഉള്‍പ്പെടെ നാലുപേര്‍ മരണപ്പെട്ടത്. സൗന്ദര്യയെക്കൂടാതെ സഹോദരന് അമര്‍നാഥ് ഷെട്ടി, പൈലറ്റ് മലയാളിയായ ജോയ് ഫിലിപ്പ്, പ്രാദേശിക ബിജെപി നേതാവ് രമേഷ് കദം എന്നിവരാണ് മരിച്ചത്.
ഹൈദരാബാദിലേക്ക് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകവേ, ബംഗളൂരുവിന് സമീപം ജക്കൂരില്‍ വെച്ച് നടിയും സംഘവും സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് തകര്‍ന്നു വീഴുകയായിരുന്നു.
താരത്തിന്റെ മരണം നടന്ന് 21 വര്‍ഷത്തിനുശേഷം സൗന്ദര്യയുടേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നും ആരോപണം ഉന്നയിച്ച് ഒരാള്‍ രംഗത്തെത്തിയിരിക്കുന്നു. ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലക്കാരനായ ചിട്ടിമല്ലു എന്നയാളാണ്, സൗന്ദര്യയുടേത് അപകടമരണമല്ലെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഖമ്മം എസിപിക്കും ജില്ലാ അധികൃതര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. തെലുങ്കു നടന് മോഹന്‍ബാബുവിനെതിരെയാണ് പരാതി.
നടന് മോഹന്‍ ബാബുവുമായി സൗന്ദര്യക്കുണ്ടായിരുന്ന വസ്തു തര്‍ക്കമാണ് നടിയുടെ അകാല മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഷംഷാബാദിലെ ജാല്‍പള്ളി എന്ന ഗ്രാമത്തില്‍ സൗന്ദര്യക്കും സഹോദരനും ആറ് ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ഇത് മോഹന്‍ ബാബുവിന് വില്ക്കാന് ഇരുവരും വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണം. സൗന്ദര്യയുടെ മരണശേഷം മോഹന്‍ബാബു ഈ ഭൂമി ബലമായി കൈവശപ്പെടുത്തിയെന്നും ചിട്ടിമല്ലു ആരോപിക്കുന്നു.
ഭൂമി മോഹന്‍ബാബു കൈവശപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും, ഭൂമി മോഹന്‍ ബാബുവില്‍ നിന്ന് തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും ചിട്ടിമല്ലു ആവശ്യപ്പെട്ടിട്ടുണ്ട്. മോഹന്‍ബാബുവും ഇളയ മകന് മഞ്ജു മനോജും തമ്മിലുള്ള വസ്തു തര്‍ക്കവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മഞ്ചു മനോജിന് നീതി ലഭിക്കണമെന്നും ജാല്‍പള്ളിയിലെ ആറേക്കര്‍ ഗസ്റ്റ്ഹൗസ് പിടിച്ചെടുക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടു.
പരാതി നല്‍കിയതിനെത്തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും, അതിനാല്‍ സുരക്ഷ നല്‍കണമെന്നും ചിട്ടിമല്ലു ഖമ്മം എസ്പിക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
അതേസമയം, മോഹന്‍ബാബുവുമായി സൗന്ദര്യയ്ക്ക് സ്വത്തുതര്‍ക്കം ഉണ്ടായിരുന്നില്ലെന്ന് സൗന്ദര്യയുടെ ഭര്‍ത്താവ് ജി.എസ് രഘു പറയുന്നു.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ സ്വത്തുമായി ബന്ധപ്പെട്ട് മോഹന്‍ ബാബുവിനെയും സൗന്ദര്യയെയും കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. അതിനാല്‍ ഈ വാര്‍ത്തകള്‍ ഞാന്‍ നിഷേധിക്കുന്നു. എന്റെ ഭാര്യ പരേതയായ സൗന്ദര്യയില്‍ നിന്ന് മോഹന്‍ ബാബു സാര്‍ നിയമവിരുദ്ധമായി സമ്പാദിച്ച ഒരു സ്വത്തും ഇല്ലെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു. എന്റെ അറിവില്‍ അദ്ദേഹവുമായി ഞങ്ങള്‍ക്ക് ഒരു ഭൂമി ഇടപാടും ഉണ്ടായിരുന്നില്ല.” ജി.എസ് രഘു വ്യക്തമാക്കി.