കൊച്ചി: രജനികാന്ത് നായകനായെത്തുന്ന ജയിലര്‍ 2 വില്‍ അഭിനയിക്കാനുള്ള അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം നടത്തിയെന്ന വെളിപ്പെടുത്തലുമായി നടി ഷൈനി സാറ.
നായകന്റെ ഭാര്യയുടെ റോളിലേക്ക് അവസരം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.
ഓഡിഷനില്‍ അവസരം ഉറപ്പാക്കിയാല്‍ 10 ലക്ഷം രൂപയാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്. വീഡിയോ കോളില്‍ ഓഡിഷന്‍ നടത്തിയ ശേഷം തമിഴില്‍ അഭിനയിക്കാനുള്ള ആര്‍ട്ടിസ്റ്റ് കാര്‍ഡ് ഉണ്ടോയെന്ന് ചോദിച്ചു.
അതില്ലെന്ന് പറഞ്ഞപ്പോള്‍ അതിനായി 12,500 രൂപ ഓണ്‍ലൈനായി അയയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന സംശയം തോന്നിയത്. പിന്നീട് തമിഴില്‍ അഭിനയിക്കുന്ന മലയാള നടിമാരോടു തിരക്കിയപ്പോള്‍ ആര്‍ട്ടിസ്റ്റ് കാര്‍ഡില്ലെന്ന് അറിഞ്ഞു. അപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. മലയാളത്തിലെ മറ്റു പലര്‍ക്കും ഇത്തരം വ്യാജ കാസ്റ്റിങ് തട്ടിപ്പ് കോളുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാണ് ഷൈനി സാറ ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.