സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പത്തനംതിട്ടയില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവ് എ പത്മകുമാര്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയിലേക്ക് ക്ഷണിതാവ് ആയി സിപിഎം പരിഗണിച്ചത് പാര്‍ലമെന്ററി രംഗത്തെ പ്രകടനം മാത്രം കണക്കിലെടുത്തെന്നും, സംഘടന രംഗത്ത് വീണാ ജോര്‍ജ് ഒന്നും ചെയ്തിട്ടില്ലെന്നും എ പത്മകുമാര്‍ പറഞ്ഞു.
ഒരാളെ ഏതെങ്കിലും ഉപരി കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളായിരിക്കണം മാനദണ്ഡമെന്നാണ് സിപിഎമ്മിനെ സംബന്ധിച്ചുള്ള നിലപാട്. പക്ഷേ, കമ്മറ്റികളില്‍ പങ്കെടുക്കാത്ത, ഏതെങ്കിലും വര്‍ഗ ബഹുജനസംഘടനകളില്‍ പ്രവര്‍ത്തിക്കാത്ത, ദൈനംദിന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്ത ഒരാളെ പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മാത്രം സംസ്ഥാന സമിതിയിലേക്ക് ക്ഷണിക്കാന്‍ തീരുമാനിക്കുകയാണ്. അതില്‍ ഒരുപാട് പേര്‍ക്ക് പ്രയാസമുണ്ടാകും. ഞാന്‍ തുറന്ന് പറഞ്ഞു എന്നുമാത്രം. വീണാ ജോര്‍ജിന്റെ കഴിവിനെയൊന്നും ഞാന്‍ ചോദ്യം ചെയ്യുന്നില്ല. അവരുടെ കഴിവിനെ ഒന്നും ഞാന്‍ കുറച്ചു കാണുന്നില്ല. പക്ഷേ, ഞങ്ങളെപ്പോലുള്ള ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച്, പാര്‍ട്ടി ബ്രാഞ്ച് കൂടി, ലോക്കല്‍ കമ്മറ്റി കൂടി, പത്രവും ചേര്‍ത്ത് നടക്കുന്ന പാവങ്ങള്‍ ഇതിനകത്തുണ്ട് എന്നുള്ള ബോധ്യം ഉപരി കമ്മറ്റിക്ക് ഉണ്ടാകണം എന്നേ ഞാന്‍ പറഞ്ഞുള്ളു- അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിനെ സംബന്ധിച്ച് 75 വയസിലാണ് റിട്ടയര്‍മെന്റെന്നും താന്‍ 66ാം വയസില്‍ റിട്ടയര്‍ ചെയ്തെന്ന് കരുതുകയാണെന്നും അദ്ദേഹം പറഞ്ഞു. നാളെ ജില്ലാ കമ്മറ്റിയുണ്ട്. പാര്‍ട്ടി അനുവദിക്കുകയാണെങ്കില്‍ ഇവിടുത്തെ ബ്രാഞ്ചില്‍ തന്നെ നില്‍ക്കണം എന്നാണ് ആഗ്രഹം. രാഷ്ട്രീയമായിട്ടുള്ള വ്യത്യസ്ത അഭിപ്രായം ഒന്നുമല്ലല്ലോ? തര്‍ക്കമുള്ളത് സംഘടനാപരമായി ഈ സമ്മേളനത്തില്‍ എടുത്ത നിലപാടുമായി ബന്ധപ്പെട്ടാണ്. അത് തുറന്നു പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കാന്‍ തയാറാണ്. പക്ഷേ, പാര്‍ട്ടി എന്നത് കളഞ്ഞിട്ടുള്ള ഒരു ഏര്‍പ്പാടിനും ഞാനില്ല. സമ്മര്‍ദത്തിന്റെ പുറത്തല്ല അതൃപ്തി വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതെന്നും സിപിഎമ്മിനെതിരായി അതൊരു ആയുധമാകണ്ട എന്ന് ചിന്തിച്ചാണ് ഡിലീറ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. താന്‍ സിപിഎമ്മിനെതിരായ ആയുധമാകാന്‍ ഒരിക്കലും ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവിരം. പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളോടുള്ള പ്രതികരണവും ഗുരുതര അച്ചടക്കലംഘനമെന്നാണ് വിലയിരുത്തല്‍. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയാകും.
സംസ്ഥാന സമിതിയിലേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് എ പത്മകുമാര്‍ രംഗത്തെത്തിയിരുന്നു. ‘ചതിവ്, വഞ്ചന, അവഹേളനം, 52 വര്‍ഷത്തെ ബാക്കിപത്രം ലാല്‍ സലാം’ എന്നാണ് സ്വന്തം ഫോട്ടോയോടൊപ്പം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഉച്ചവരെ സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ സജീവമായിരുന്ന പി പത്മകുമാര്‍ സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക വന്നതോടെയാണ് അദ്ദേഹം കൊല്ലം വിട്ടു.