Spread the love

പ്രത്യേക ലേഖകൻ

കോട്ടയം : എ വി റസലിന്റെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് കോട്ടയം ജില്ലയില്‍ ഏറെക്കുറെ ഉത്തരമായി.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കോട്ടയം ജില്ലയില്‍ നിന്നുളള പുതിയ പ്രതിനിധി ടി.ആര്‍ രഘുനാഥന്‍ ആണ് ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കുളള പുതിയ നേതാവ്.

സി.ഐടിയു ജില്ലാ സെക്രട്ടറിയായ രഘുനാഥന്‍ മന്ത്രി വി.എന്‍ വാസവന്‍ അടങ്ങുന്ന കോട്ടയത്തെ നേതൃനിരയുടെ കണ്ണിലുണ്ണിയാണ്. സാധാരണ സിഐടിയു ജില്ലാ സെക്രട്ടറിമാരാണ് സിപിഎം ജില്ലാ സെക്രട്ടറിയാകുന്നത്.

ജില്ലയില്‍ നിന്നുളള ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ജയ്ക് സി. തോമസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ.ഹരികുമാര്‍, റെജി സഖറിയ എന്നിവരെയും സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിച്ചിരുന്നെങ്കിലും രഘുനാഥിനു മാത്രമാണു നറുക്കു വീണത്. ഇതാണ് രഘുനാഥന്റെ സാധ്യതയായി കാണുന്നത്.

ഓര്‍ത്തഡോക്‌സ് സഭാംഗമായ റജി സഖറിയയോ യാക്കോബായ സഭാംഗമായ ജയ്ക്കിനോ സാധ്യതയുണ്ടെന്നായിരുന്നു വിലയിരുത്തല്‍. കൂടാതെ കോട്ടയത്തെ സജീവ സാന്നിധ്യവും ചാനല്‍ വക്താവുമായ അനില്‍കുമാറിന്റെ പേരും ഉയര്‍ന്നു കേട്ടു. ക്രൈസ്തവ ലീഡര്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അത് മങ്ങി. മുന്‍ സെക്രട്ടറി കെ.ജെ തോമസ് ആകട്ടെ സംസ്ഥാന കമ്മറ്റിയില്‍ നിന്നു തന്നെ പ്രായപരിധിയില്‍ തട്ടി പുറത്തായി.

അതേ സമയം വിഎന്‍വി പാര്‍ട്ടിയെ പൂര്‍ണമായി പിടിമുറുക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. സുരേഷ് കുറുപ്പിന് പിന്നാലെ അനില്‍കുമാറും തഴയപ്പെടുന്നത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തി പടര്‍ത്തിയിട്ടുണ്ട്. വൈക്കം മുന്‍ നഗരസഭാധ്യക്ഷന്‍ കൂടിയായ സീനിയര്‍ നേതാവ് പി.കെ ഹരികുമാർ വീണ്ടും തഴയപ്പെട്ടു. സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളായിരുന്ന വൈക്കം വിശ്വനെയും കെ.ജെ.തോമസിനെയും ഒഴിവാക്കി. കാല്‍നൂറ്റാണ്ടിലേറെയായി ജില്ലയില്‍ സിപിഎമ്മിന്റെ മുഖമായിരുന്ന കെ.ജെ.തോമസും വൈക്കം വിശ്വനും പാര്‍ട്ടിയുടെ നേതൃനിരയില്‍ ഇനി കാണില്ല.

സിഐടിയു ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിക്കുന്ന രഘുനാഥൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമാണ്. എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് എത്തിയ രഘുനാഥൻ ഡിവൈഎഫ്ഐയുടെ ജില്ലാ പ്രസിഡന്റായിരുന്നു. അയര്‍ക്കുന്നം ഏരിയാ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രഘുനാഥൻ വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹി കൂടിയാണ്.

അയര്‍ക്കുന്നം ആറുമാനൂര്‍ സ്വദേശിയാണ്. നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

കോട്ടയം ജില്ലാ സെക്രട്ടറിയും വാസവന്‍ പക്ഷത്തെ അടിയുറച്ച നേതാവുമായിരുന്ന എ.വി റസല്‍ അര്‍ബുദചികിത്സയ്ക്കിടെ ചെന്നൈയിലെ ആശുപത്രിയില്‍ മരിച്ചതോടെയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി പദത്തില്‍ ഒഴിവുവന്നത്.