ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയ്ക്ക്. അപരാജിതരായി ഇന്ത്യ കിരീടം നേടി.
ഫൈനല്‍ പോരില്‍ കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. ഒരോവര്‍ ബാക്കി നില്‍ക്കേയാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീടനേട്ടമാണിത്.
തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതി ഇനി രോഹിത് ശര്‍മയ്ക്ക് സ്വന്തം. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
76 റണ്‍സ് എടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ടൂര്‍ണമെന്റില്‍ ഉടനീളം ഫോമില്ലെന്ന പേരില്‍ പഴികേട്ട രോഹിത്തിന്റെ കരുത്തിലാണ് ഇന്ത്യ വിജയത്തിലേക്കെത്തിയത്. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. 33 പന്തില്‍ പുറത്താവാതെ 34 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ ഇന്നിംഗ്‌സ് ആണ് നിര്‍ണായകമായത്.
19ാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സ് തകര്‍പ്പനായി ക്യാച്ചുചെയ്ത് പുറത്താക്കുകയായിരുന്നു. രോഹിത് – ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് നേടി. പിന്നീടെത്തിയ വിരാട് കോഹ്ലി നേരിട്ട രണ്ടാം പന്തില്‍ തന്നെ മടങ്ങി. പിന്നാലെ രോഹിത് ശര്‍മയും മടങ്ങി. വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
ശ്രേയസ് അയ്യര്‍ (48), അക്സര്‍ പട്ടേല്‍ (29), ഹാര്‍ദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 49-ാം ഓവറിന്റെ അവസാന പന്തില്‍ ഫോറടിച്ച് രവീന്ദ്ര ജഡേജ (9) ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 251 റണ്‍സ് എടുത്തു. ന്യൂസിലന്‍ഡിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാറിലൂടെ കഥ മാറുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും, ജഡേജ ഷമി എന്നിവര്‍ ഓരോ വിക്കറ്റും നേടി. കിവീസിനായി ഡാരല്‍ മിച്ചല്‍ 63 (101), മൈക്കില്‍ ബ്രസ്വെല്‍ 53 (40) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.