കോട്ടയം: ആരോഗ്യവകുപ്പിന്റെ ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ കാമ്പയിന്റെ കോട്ടയം ജില്ലയിലെ അംബാസിഡറായി തന്നെ തെരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നുവെന്ന് നിഷ ജോസ് കെ. മാണി. തന്റെ രാഷ്ട്രീയ പശ്ചാത്തലം മൂലം ചിലയിടങ്ങളിൽ തന്നെ കയറ്റാൻ പാടാണ്. തന്റെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നവരുണ്ട്. അർബുദത്തിന് രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ല. എല്ലാവർക്കുമുള്ള സന്ദേശമാണിതെന്നും അവർ പറഞ്ഞു.
കോട്ടയം പ്രസ് ക്ലബ് വുമൺ ജേർണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിത ദിനത്തോടുബന്ധിച്ച് നടത്തിയ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു നിഷ ജോസ് കെ. മാണി.
ജീവിതത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ശത്രുവാണ് അർബുദം. ജീവിതം ദുരിതപൂർണമാക്കാമെന്നായിരുന്നു രോഗത്തിന്റെ ധാരണ. എന്നാൽ ആ ധാരണ തിരുത്തി രോഗത്തെ തോൽപ്പിക്കുകയായിരുന്നു താൻ ചെയ്തത്.
അർബുദം തന്നെ തളർത്തിയില്ല, വളർത്തുകയാണ് ചെയ്തത്. പ്രതിസന്ധികൾ നമ്മെ ശക്തരാക്കും. കണ്ടുമുട്ടുന്ന ഓരോ വ്യക്തികളിൽനിന്നും യാത്രകളിൽനിന്നും നമുക്ക് പുതിയ പല കാര്യങ്ങളും പഠിക്കാനുണ്ടാകും. മരിച്ചുകഴിഞ്ഞ് പറയുന്നതിലല്ല, ജീവിച്ചിരിക്കുമ്പോൾ നമുക്കൊരാളെ സന്തോഷിപ്പിക്കാൻ, സഹായിക്കാൻ കഴിയുമെങ്കിൽ അതാണ് മനുഷ്യത്വം.
റേഡിയേഷൻ കഴിഞ്ഞ് ഒരു വർഷം പിന്നിട്ടാണ് കാരുണ്യസന്ദേശയാത്ര തുടങ്ങിയത്. സ്തനാർബുദത്തെ നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കാമ്പയിനാണിത്. 40 വയസ്സിനുമുകളിലുള്ളവർ എല്ലാ വർഷവും നിർബന്ധമായി മാമോഗ്രാം ചെയ്തിരിക്കണം. പുരുഷൻമാരിലും സ്തനാർബുദം കണ്ടുവരുന്നതിനാൽ അവരും സ്വയം പരിശോധന നടത്തണമെന്നും നിഷ ജോസ് കെ. മാണി പറഞ്ഞു.
ആർട്ടിസ്റ്റും സംരംഭകയുമായ ആതിര രാധൻ തന്റെ അനുഭവങ്ങൾ പങ്കു വെക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു.
പ്രസ് ക്ലബ് ട്രഷറർ സരിത കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജോയിൻ്റ് സെക്രട്ടറി ഷീബ ഷൺമുഖൻ കൃതജ്ഞത രേഖപ്പെടുത്തി.
കാരുണ്യസന്ദേശയാത്രയുടെ ഭാഗമായി ‘ഓപ്പോളിനൊപ്പം’ എന്ന പുതിയ പദ്ധതി കൂടി ആരംഭിക്കുന്നതായി നിഷ ജോസ് കെ. മാണി അറിയിച്ചു. രണ്ടു കാര്യങ്ങളാണ് പദ്ധതിയിൽ ചെയ്യുന്നത്. കീമോ ചെയ്യുന്ന രോഗികൾക്ക് ബൈസ്റ്റാൻഡറായി നിൽക്കാൻ വളന്റിയർമാരാവുക എന്നതാണ് ഒന്ന്. പാവപ്പെട്ട രോഗികൾക്ക് കീമോ ചെയ്യാൻ ആശുപത്രിയിൽ കൂട്ടുപോവാൻ കഴിയുമെങ്കിൽ അത് വലിയ സഹായമാണ്. ഒരു ദിവസത്തെ കൂലിപ്പണി കളഞ്ഞായിരിക്കും പലരും പ്രിയപ്പെട്ടവർക്കൊപ്പം ആശുപത്രിയിൽ വരുന്നത്. ഇത്തരക്കാരെ സഹായിക്കാൻ കോളജ് വിദ്യാർഥികൾക്കും വീട്ടമ്മമാർക്കും മുന്നോട്ടുവരാം. മാസത്തിലൊരിക്കൽ ആശുപത്രിയിൽ കൂട്ടുവന്നാൽ മതി.
കീമോ ചെയ്യുന്ന രോഗികളുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുക എന്നതാണ് രണ്ടാമത്തെ പദ്ധതി. താൽപ്പര്യമുള്ളവർ മുന്നോട്ടുവരണമെന്നും നിഷ ജോസ് കെ. മാണി പറഞ്ഞു.