Spread the love

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത കേരളത്തില്‍ കെപിസിസി നേതൃമാറ്റത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു. കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സാദ്ധ്യതയേറി.
അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍, റോജി എം ജോണ്‍ എന്നിവരുടെ പേരുകളാണ് അവസാനവട്ടം അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയില്‍. ഡിസിസി അധ്യക്ഷന്‍മാര്‍ക്കും മാറ്റം ഉണ്ടായേക്കും.

വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗം തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യും. ആറുമാസം മുന്‍പ് എങ്കിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള സാധ്യത തേടും. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവരെയാണ് വിളിപ്പിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ കേരളത്തിലും അസമിലും നേതൃമാറ്റം അനിവാര്യമാണെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. മത-സാമുദായിക, ഗ്രൂപ്പ് സന്തുലനം പാലിച്ചാകും പുതിയ അധ്യക്ഷനെ തീരുമാനിക്കുക. വയനാട് അടക്കം 10 ഡിസിസി അധ്യക്ഷമാരെയും മാറ്റാനാണ് നീക്കം. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ ശശി തരൂര്‍ വിഷയം ചര്‍ച്ചയാകില്ലെന്നാണ് ഇപ്പോഴത്തെ സൂചന. ശശി തരൂരിനെക്കൂടി പരിഗണിച്ച് തുടര്‍ന്നും മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.