Spread the love

ഇന്ത്യയിലെ മൈക്കിള്‍ ജാക്‌സണ്‍ ആരാണെന്ന് ചോദിച്ചാല്‍ സിനിമാ പ്രേമികള്‍ പറയും പ്രഭുദേവ എന്ന്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമായ നടനാണ് പ്രഭുദേവ. പ്രഭുദേവയുടെ ഡാന്‍സിനും പ്രത്യേക ആരാധകനിര തന്നെയുണ്ട്. അഭിനയത്തിനൊപ്പം തന്നെ ഒട്ടേറെ ഡാന്‍സ് ഷോകളും പ്രഭുദേവ ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ മകന്‍ ഋഷി രാഘവേന്ദര്‍ ദേവയെ ആദ്യമായി പൊതുവേദിയില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് നടന്‍.

ചെന്നൈയില്‍ നടന്ന ലൈവ് ഷോയിലാണ് പ്രഭുദേവയും മകന്‍ ഋഷിയും ഒന്നിച്ച് പെര്‍ഫോമന്‍സുമായെത്തിയത്. ഇതാദ്യമായാണ് അച്ഛനും മകനും ഒന്നിച്ച് ഡാന്‍സുമായെത്തുന്നത്. മകനൊപ്പമുള്ള ഡാന്‍സിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രഭുദേവ പങ്കുവച്ചിട്ടുണ്ട്.
‘ആദ്യമായി എന്റെ മകന്‍ ഋഷി രാഘവേന്ദര്‍ ദേവയെ നിങ്ങള്‍ക്ക് മുന്‍പില്‍ പരിചയപ്പെടുത്തുന്നതില്‍ എനിക്ക് അഭിമാനമുണ്ട്! ഇത് ഡാന്‍സിനും അപ്പുറമാണ്- ഇതൊരു പാരമ്പര്യവും അഭിനിവേശവുമാണ്, ഒപ്പം ഇപ്പോള്‍ തുടങ്ങുന്ന ഒരു യാത്രയും.- ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ച് പ്രഭുദേവ കുറിച്ചു.

നിരവധി പേരാണ് ഋഷിയ്ക്ക് ആശംസകള്‍ നേരുന്നത്. അച്ഛനെപ്പോലെ തന്നെ അടിപൊളിയായാണ് ഋഷിയുടെ നൃത്തവുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍. അതേസമയം ചെന്നൈയില്‍ നടന്ന പ്രഭുദേവയുടെ ലൈവ് ഷോയില്‍ കോളിവുഡില്‍ നിന്നും നിരവധി സെലിബ്രിറ്റികളും പങ്കെടുത്തിരുന്നു. ധനുഷ്, വടിവേലു, എസ്‌ജെ സൂര്യ, റോജ, മീന തുടങ്ങിയ താരങ്ങളും എത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഷോയ്ക്കിടയില്‍ വടിവേലുവിനോടുള്ള പ്രഭുദേവയുടെ പെരുമാറ്റം സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. വടിവേലുവിന്റെ മുഖത്തു നോക്കി ചില ആക്ഷനുകള്‍ കാണിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ മുഖം പിടിച്ചുവച്ച് വായില്‍ വിരലിടുന്നതും തലമുടി അലങ്കോലമാക്കുകയും ചെയ്യുന്ന പ്രഭുദേവയുടെ വിഡിയോ ആണ് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

പ്രഭുദേവയുടെയും മുന്‍ ഭാര്യ റംലത്തിന്റെയും മകനാണ് ഋഷി. 1999 ല്‍ വിവാഹിതരായ റംലത്തും പ്രഭുദേവയും 2011 ലാണ് വേര്‍പിരിഞ്ഞത്.