കോട്ടയം: സമീപ ജില്ലകളിലുൾപ്പെടെ സംസ്ഥാനത്ത് പലയിടത്തും മഞ്ഞപ്പിത്തം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ സാഹചര്യത്തിൽ ജില്ലയിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ അറിയിച്ചു. ജില്ലയിൽ ഈ വർഷം ഇതുവരെ എട്ടുപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായും ഡി.എം.ഒ. അറിയിച്ചു.
കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. വൈറൽ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ. വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി.സി.ഡി. എന്നീ വിഭാഗങ്ങൾ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയും.
മഞ്ഞപ്പിത്തത്തിന്റെ രോഗാണുക്കൾ ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ എ, ഇ വിഭാഗങ്ങൾക്ക് 15 ദിവസം മുതൽ 60 ദിവസം വരെയും ബി, സി,ഡി. വിഭാഗങ്ങൾക്ക് 15 ദിവസം മുതൽ 6 മാസം വരെയും സമയമെടുക്കാം.
നമ്മുടെ നാട്ടിൽ കൂടുതൽ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങൾ വഴിയും പകരുന്ന എ,ഇ വിഭാഗം ഹെപ്പറ്റൈറ്റിസാണ്. കുഞ്ഞുങ്ങളിൽ ഇതു ഗുരുതരമാവാറില്ലെങ്കിലും പ്രായപൂർത്തി ആയവരിൽ പലപ്പോഴും ഗൗരവമാകാറുണ്ട്. നിലവിൽ ജില്ലയിൽ കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്.
ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും, കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതാണ്.