നിയാസ് മുസ്തഫ
കൊച്ചി: വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ നിലപാട് ചര്‍ച്ചയാക്കി കോണ്‍ഗ്രസ് ക്യാമ്പ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ തരൂര്‍ നടത്തിയ ഭരണപക്ഷ അനുകൂല നിലപാട് സംശയദൃഷ്ടിയോടെയാണ് കോണ്‍ഗ്രസ് ക്യാമ്പ് കാണുന്നത്. തരൂരിന്റെ നിലപാടിനെ അദ്ദേഹത്തിന്റെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പിണറായി വിജയന് കൂടി പിന്തുണച്ചതോടെ തരൂര്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം എന്തായിരിക്കാം എന്നുള്ള ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി കസേരയിലേക്ക് നോട്ടമിട്ട് തരൂര്‍ മുമ്പ് നടത്തിയ ചില നീക്കങ്ങള്‍ കൂടി ഇപ്പോള്‍ വിലയിരുത്തപ്പെടുന്നുണ്ട്.
കൂടരഞ്ഞിയില്‍ മലയോര ഹൈവേ ആദ്യ റീച്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കവേ ആയിരുന്നു തരൂരിന്റെ ലേഖനത്തെ അദ്ദേഹത്തിന്റെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പുകഴ്ത്തിയത്.
ചില മേഖലകളില്‍ വലിയ തോതില്‍ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതാണെന്ന്, വസ്തുതകള്‍ ഉദ്ധരിച്ചുകൊണ്ട്, സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കി.
അദ്ദേഹം ഒരു സാധാരണ പ്രസംഗം നടത്തുകയല്ല ചെയ്തത്. ഐടി രംഗത്ത് സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിന്റെ കണക്കെടുത്താല്‍ ലോകത്തിലുണ്ടായതിന്റെ എത്രയോ മടങ്ങ് വികാസം കേരളം നേടി. അതാണ് അക്കമിട്ട് ചൂണ്ടിക്കാണിച്ച കാര്യമെന്നും തരൂരിന്റെ ലേഖനത്തെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പരസ്യമായി പറയുന്നു. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന പദവിക്ക് അര്‍ഹതയില്ലെന്ന് ഇവര്‍ പറയുന്നു. നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് കേരളത്തിന് ആ സ്ഥാനം ലഭിച്ചത്. അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. എന്തിനാണ് കേരളത്തെ ഇകഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നത്.
എല്‍ഡിഎഫിനോടുള്ള വിരോധം നാടിനോടുള്ള വിരോധമായി മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശി തരൂരിന്റെ ലേഖനത്തിനെതിരെ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതിനെ മുന്‍നിര്‍ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
നിക്ഷേപ സൗഹൃദ സംസ്ഥാനത്തില്‍ കേരളം ഒന്നാമതെത്തി. ശുപാര്‍ശ കൊണ്ട് കിട്ടിയതല്ല അത്. പത്തു നിയമങ്ങള്‍ ഭേദഗതി ചെയ്തു. നിരവധി ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. നിക്ഷേപമേഖലയിലെ മാറ്റം കേരളത്തെ വലിയ രീതിയില്‍ മുന്നോട്ടു നയിക്കുന്നു. അതിന്റെ ഭാഗമായാണ് അംഗീകാരം ലഭിച്ചത്. അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ശശി തരൂര്‍ ആവര്‍ത്തിച്ചിരുന്നു.
നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അംഗീകരിക്കുക, മോശം കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അധിക്ഷേപിക്കുന്നതുമാണ് തന്റെ രീതി. കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയതാതീമായി നില്‍ക്കണമെന്നും രണ്ടുവര്‍ഷമായുള്ള കേരളത്തിന്റെ വികസനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നമ്മുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടി കേരളത്തില്‍ സംരംഭങ്ങള്‍ വേണം. ഇക്കാര്യം താന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. ഇതെല്ലാം ചെയ്യാനുള്ള കഴിവ് എല്‍ഡിഎഫിന് ഇല്ലെന്നാണ് താന്‍ അക്കാലത്ത് കരുതിയത്. രണ്ടുവര്‍ഷം മുന്‍പ് വരെ വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളില്‍ 28-ാം സ്ഥാനത്തായിരുന്നു കേരളം. അതില്‍ നിന്ന് ഒന്നാം സ്ഥാനത്ത് എത്തിയാല്‍ അതിനെ അംഗീകരിക്കണമെന്നും തരൂര്‍ പറഞ്ഞു.
കേരളത്തിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ അതിന് രാഷ്ട്രീയത്തിനതീതമായി ചിലകാര്യങ്ങള്‍ കാണണം. കേരളം രാഷ്ട്രീയം കൂടുതല്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വികസനം അത്ര കണ്ടിട്ടില്ല. വികസനത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി പോകണമെന്നും തരൂര്‍ പറഞ്ഞു.
അതേസമയം തരൂരിന്റെ ലേഖനം തള്ളി എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അടക്കമുള്ള നേതാക്കള്‍ രംഗത്തും വന്നിരുന്നു.