Spread the love

ഇരട്ടകുട്ടികളെ പ്രസവിച്ച യുവതി ശസ്ത്രക്രിയയെ തുടര്‍ന്നു മരിച്ചു. കോട്ടയം കറുകച്ചാല്‍ ദൈവംപടിയില്‍ വൈഷ്ണവത്തില്‍ പി.വി.വൈശാഖിന്റെ ഭാര്യ കൊടുപ്പുന്ന കോലത്ത് തൃക്കാര്‍ത്തികയില്‍ നിത്യ മോഹനനാണു (29) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ചികിത്സപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

ആറാം തീയതി രാവിലെ 11നാണ് നിത്യ പ്രസവശസ്ത്രക്രിയയിലൂടെ ഇരട്ട ആണ്‍കുട്ടികള്‍ക്കു ജന്മം നല്‍കിയത്. രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ നിത്യയെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. ഇതിനിടെ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. വൈകിട്ടു മൂന്നോടെ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞെന്നും ഹൃദയത്തിന് തകരാറുണ്ടെന്നും അറിയിച്ച ശേഷം വെന്റിലേറ്ററിലേക്കു മാറ്റി. രാത്രി ഏഴോടെ യുവതി മരിച്ച വിവരം അറിയിച്ചു.

വീട്ടുകാരുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ പരിചരണത്തിലാണ്. നിത്യയുടെ മൃതദേഹം കറുകച്ചാലുള്ള ഭര്‍തൃവീട്ടുവളപ്പില്‍ സംസ്‌കരിച്ചു.