Spread the love

തിരുവനന്തപുരം: മംഗളൂരു വന്ദേഭാരതിന് 16 കോച്ചുകളുള്ള ട്രെയിന്‍ അനുവദിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവായി. ഇപ്പോള്‍ 8 കോച്ചുള്ള ട്രെയിനാണു മംഗളൂരു വന്ദേഭാരത് സര്‍വീസിലുള്ളത്. ആലപ്പുഴ വഴിയുള്ള സര്‍വീസാണിത്.നാഗര്‍കോവില്‍ ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിന്‍ ഈയാഴ്ച ലഭിക്കുമ്പോള്‍ അവിടെ നിന്നു പിന്‍വലിക്കുന്ന 16 കോച്ച് ട്രെയിനാണു പാലക്കാട് ഡിവിഷനു ലഭിക്കുക. യാത്രക്കാരുടെ വലിയ തിരക്കുണ്ടെങ്കിലും കോച്ചുകള്‍ കുറവായതിനാല്‍ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്. 8 കോച്ചുകള്‍ കൂടി വരുന്നതോടെ 530 സീറ്റുകള്‍ അധികമായി ലഭിക്കും.

മംഗളൂരു തിരുവനന്തപുരം വന്ദേഭാരത് രാവിലെ 6.25ന് പുറപ്പെട്ട് ഉച്ചയ്ക്കു 3.05ന് തിരുവനന്തപുരത്ത് എത്തും. മടക്കട്രെയിന്‍ വൈകിട്ട് 4.05ന് പുറപ്പെട്ട് പുലര്‍ച്ചെ 12.40ന് മംഗളൂരുവില്‍ എത്തുന്ന രീതിയിലാണു സര്‍വീസ് നടത്തുന്നത്. കോട്ടയം വഴിയുള്ള തിരുവനന്തപുരം കാസര്‍കോട് വന്ദേഭാരതിന്റെ കോച്ചുകള്‍ 20 ആയി കഴിഞ്ഞയിടെ കൂട്ടിയിരുന്നു. മംഗളൂരു വന്ദേഭാരതും 20 കോച്ചുകളാക്കണമെന്നാണ് ആവശ്യം. 16 കോച്ചുകള്‍ ഉപയോഗിച്ചുള്ള സര്‍വീസ് ലാഭകരമാണെങ്കില്‍ 20 കോച്ചുകളുള്ള ട്രെയിന്‍ പിന്നീട് മംഗളൂരു റൂട്ടില്‍ അനുവദിക്കും. 16 കോച്ചുകളുമായുള്ള വന്ദേഭാരത് സര്‍വീസ് ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും.